കൊച്ചി യില് നിന്നും സെക്യൂരിറ്റി ചെക്ക് ഒക്കെ കഴിഞ്ഞു ഞാൻ വിമാന താവളത്തിലെ ലോഞ്ചിൽ ഇരിക്കുമ്പോൾ അതാ നമ്മുടെ പനങ്ങനാട്ടെ ലോനപ്പൻ ചേട്ടൻ ഒരു ബ്രീഫ്കേസും തള്ളികൊണ്ടു നടന്നു വരുന്നു. ചുള്ളനേ മനസിലായില്ലേ? മ്മടെ എറണാകുളം - തൃശ്ശൂർ റൂട്ടിൽ KSRTC ബസ് ഓടിച്ചിരുന്ന മ്മടെ സ്വന്തം ഗഡി, ലോനപ്പൻ. ആള് കുറച്ചൊന്നു മിനുങ്ങി സുന്ദര കില്ലാടൻ ആയിരിക്കുന്നു. കഞ്ഞി പശ മുക്കി വടി പോലെ തേച്ച് മിനുക്കിയ നീല യൂണിഫോം, കൂരാട്ട് കടവിലെ അരുവിയിലെ പാറപ്പുറത്ത് ഉരച്ച് വെളുപ്പിച്ച ഹവായ് ചപ്പൽ 'കിണുക്കോ കിണുക്കോ ' എന്ന് അടിപ്പിച്ചുകൊണ്ടുള്ള നടത്തം, ഇരു തോളുകളിലൂടെ മുന്നോട്ട് ഇട്ടിരിക്കുന്ന ഒരു ചുവന്ന ഈരിഴയൻ തോർത്ത്. മോഹൻ ലാലിന്റെ തോള് പോലെ ഒരു വശത്തേക്ക് ചെരിഞ്ഞ ഒരു കൂളിങ് ഗ്ലാസ്സ്. ആഹാ അന്തസ്സ്.
കണ്ടതും ഞാൻ ഓടി അടുത്ത് ചെന്നു.
"ഹൈ, എന്തൂട്ടാദ്, മ്മടെ ലോനപ്പേട്ടൻ അല്ലേ? എന്താ ഈ വഴിക്ക്?"
ജീവനുള്ള കോഴിയെ ഇട്ടു കൊടുത്ത ഭക്തനെ വെജിറ്റേറിയൻ മുതല 'ബബിത' നോക്കിയതു പോലെ അദ്ദേഹം എന്നെ തുറിച്ചു നോക്കി.
"നിയ്യ് ഏതട ക്ടാവേ?"
"യ്യോ, ന്നെ മനസിലായില്ലേ? ഞാൻ ഊരകത്തീ പൊറിഞ്ചു ന്റെ മോൻ, ഡിഡോമോൻ." ഞാൻ വിനീതനായി എന്റെ സ്വത്വം വെളിപ്പെടുത്തി. കാര്യം വീട്ടുപേരിൽ അല്പ സ്വല്പം അശ്ലീലം ഉണ്ടെങ്കിലും നമുക്ക് നമ്മുടെ വേരുകൾ മറക്കാനോ മറയ്ക്കാനോ കഴിയുമോ?
ബബിതയുടെ നോട്ടം മാറി, നമീബിയായിൽ നിന്നും വന്ന ചീറ്റ, ബീഫ് കണ്ട പോലെ ആയി അദ്ദേഹത്തിന്റെ മുഖഭാവം.
"ആ, അയ് ശെരി. നീ എങ്ങോട്ടാ?"
"ഞാൻ ഇപ്പോ അത്യാവശ്യം ഫോളോവേർസ് ഒക്കേ ഉള്ള ഒരു യൂട്യൂബ് Vlogger ആണ് ലോനപ്പെട്ടാ. ഇപ്പോ ആസ്ത്രേലിയ യില് പോയി കാംഗരൂനെ നിർത്തി പൊരിക്കുന്ന വീഡിയോ ചെയ്യാൻ പോവാ. പൊളി വൈബ് ആരിക്കും."
ബബിത തിരിച്ചു വന്നു.
"നാണാവില്ലേഡാ ശവീ ഇങ്ങനെ പാവം ജന്തുക്കളെ കൊന്നു തിന്നാന്? ശവം."
ബീഫും പോർക്കും ഇല്ലാതെ ചോറ് ഇറങ്ങാത്ത ഇങ്ങേര് തന്നെ പറയണം. ഞാൻ മനസിലോർത്തു.
"അത് പോട്ടെ, ലോനപ്പെട്ടൻ എങ്ങോട്ടാ?" ഞാൻ വേഗം വിഷയം മാറ്റി. സാധാരണ കാണുന്ന എല്ലാ അമ്മാവന്മാരും, സപ്ളി എഴുതി എടുത്തോ, നിനക്ക് വല്ല ജോലിയും ആയോ, ഇപ്പോഴും അപ്പനെ ഓസി ആണല്ലെ, എന്നിങ്ങനെയുള്ള വൃത്തികെട്ട ചോദ്യങ്ങൾ കൊണ്ട് എന്റെ ഉദിച്ചുയരുന്ന ആത്മവിശ്വാസത്തെ കൊല്ലാക്കൊല ചെയ്യുന്ന ആൾക്കാർ ആയത് കൊണ്ടും കാംഗരൂ ബർബെക്യു എന്റെ പ്രൊഫൈലിന് വരുത്താൻ പോവുന്ന ഉയർച്ചയെക്കുറിച്ച് എനിക്ക് ഉത്തമബോധ്യം ഉള്ളതുകൊണ്ടും തത്കാലം വഴി തിരിച്ചു വിടാം എന്നു ഞാൻ കരുതി.
"ഞാൻ KSRTC ജോലി വിട്ടിട്ട് ഇപ്പോ K-Air ൽ പൈലറ്റ് ആണ് ടാ" അഭിമാന പുരസ്സരം ലോനപ്പേട്ടൻ പ്രസ്താവിച്ചു.
നട്ടെല്ലില്ലൂടെ ഒരു മിന്നൽപിണർ പായുന്നത് ഞാൻ അറിഞ്ഞു. കണ്ടം ചെയ്യാൻ കാലം കഴിഞ്ഞ ബസ് ശരവേഗത്തിൽ ഓടിച്ചിരുന്ന 'മിന്നൽ ലോനപ്പേട്ടൻ' എന്റെ ഫ്ലൈറ്റ് ന്റെ സാരഥി ആണെന്ന്. എന്റീശോ! ഞാൻ അറിയാതെ എന്റെ ഹൃദയം ലോനപ്പേട്ടന്റെ പഴയ ബസിന്റെ സപീഡിൽ പറക്കുവാൻ തുടങ്ങി.
ആപ്പോഴാണ് നീല ചുരിദാറും അതിന് ചേരുന്ന നീല ഷാളും അണിഞ്ഞ് കൊപ്ര ആട്ടിയ നല്ല വെളിച്ചെണ്ണ തേച്ച് ചീകിയൊതുക്കിയ മൂടിയുമായി, ടിക്കറ്റ് മഷീൻ ഇടത് തോളിലിട്ട്, ചിരിച്ചു കളിച്ചു ഒരു കൂട്ടം പെൺപുലികൾ ലോനപ്പേട്ടന്റെ അരികിലേക്ക് മന്ദം മന്ദം നടന്നെത്തിയത്.
ലോനപ്പേട്ടന്റെ ബീഡിക്കറ പിടിച്ച ചുണ്ടുകൾ താമര മൊട്ട് കണക്കെ വിരിഞ്ഞു വിജ്രംഭിച്ചു.
"ഹൈ ആരാദ്, ലീലേം മായേം എല്ലാരും ഉണ്ടല്ലോ? നിങ്ങളാ എനിക്ക് കൂട്ട്?"
മഹിളാ മണികളുടെ കലമ്പൽ / കൊഞ്ചൽ അന്തരീക്ഷത്തിൽ നിറഞ്ഞു.
കാര്യം ഇത്രേള്ളൂ. മഹിളകൾ ക്രൂ ആണ്. ഞാൻ പോകുന്ന പ്ലെയ്ൻന്റെ ജീവനക്കാർ. ഈ യാത്ര ഒരു തീരുമാനം ആയി.
ലീലയെ നിങ്ങൾ അറിയും. നിർത്തിയിട്ടിരുന്ന ബസിൽ യാത്രക്കാർ കയറിയതിന് ഭരണി പാട്ട് പാടി അവരെ രസിപ്പിച്ച ഒന്നൊന്നര നാടൻ കലാകാരി ആണ്. ആ പ്രകടനത്തിന് അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണർ വക വീര ശൃംഖല കൈപ്പറ്റിയ വിനീത കലാകാരി.
കയറി കഴിയുമ്പോഴേ രണ്ടെണ്ണം അടിക്കണം എന്ന മോഹം ഞാൻ തൽകാലം ഗോപ്രോ പാക്ക് ചെയ്യുന്ന ശ്രദ്ധയോടെ മടക്കി പെട്ടിയുടെ മൂലയ്ക്ക് വെച്ചു.
ഭയശങ്കകളോടെ ആണ് ഞാൻ ബോർഡിങ് ചെയ്തത്. പെട്ടിയും കിടക്കയും ഒക്കെ എടുത്തു വെക്കാൻ കുറച്ചു പാട് പെട്ടെങ്കിലും ഞാൻ മഹിളാ ജീവനക്കാർ ഇരുന്ന ഭാഗത്തേക്കേ നോക്കിയില്ല. ഇനി അതിനെങ്ങാനും തെറി കിട്ടിയാലോ?
ഫ്ലൈറ്റ് പുറപ്പെടുന്നതിന് തൊട്ട് മുന്പായി ലോനപ്പേട്ടന്റെ അറിയിപ്പ് വന്നു.
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ഞാൻ ലോനപ്പൻ ഫ്രം തൃശ്ശൂർ. കെ-എയർ ന്റെ പൈലറ്റ് ആണ്. എന്റെ ഒപ്പം ക്രൂ ലീല, മായ, സിജു എന്നിവർ ഈ വണ്ടിയിൽ നിങ്ങളെ നിരീക്ഷിക്കുവാൻ വേണ്ടി ഉണ്ട്. ഏതവനെങ്കിലും ഉഡായിപ്പോ അലമ്പോ കാണിച്ചാൽ തൂക്കി എടുത്ത് പുറത്തു കളയും."
ഇത്രയും ആയപ്പോൾ മുകളിൽ പറഞ്ഞ ആൾക്കാർ പബ്ബിലെ ബൌൺസർ മാരെ പോലെ ഓരോ ഭാഗത്തും നിന്നു യാത്രക്കാരെ നിരീക്ഷിക്കുവാൻ തുടങ്ങി. ഞാൻ തല കുനിച്ചിരുന്ന് 'എന്റെ കേരളം, എത്ര സുന്ദരം' എന്ന ഉഷാ ഉതുപ്പ് പാട്ടിന്റെ വീഡിയോ ഫോണിൽ കണ്ടു കൊണ്ടിരുന്നു.
ലോനപ്പെട്ടൻ ക്ലച്ച് ഒന്ന് ആഞ്ഞു ചവിട്ടി വണ്ടി ഗിയറിൽ ഇട്ടു. കട കട ശബ്ദം കേട്ടു തൃപ്തനായി ആക്സിലറേറ്റർ അമർത്തി. പ്ലെയ്ൻ ഒരു മുരൾച്ചയോടെ മുന്നോട്ട് കുതിച്ചു. ഏതാനും നിമിഷങ്ങൾക്കകം ഞങ്ങൾ ഏയറിൽ ആയി.
എതിരെ സൂപ്പർ ഫാസ്റ്റ് ഏതോ വന്നു എന്നു തോന്നുന്നു, ലോനപ്പേട്ടൻ ഇടത്തേക്ക് ഒന്നു വെട്ടിച്ച് ഒരു 45 ഡിഗ്രീ ബാങ്കിങ് നടത്തി. ഞാൻ അറിയാതെ എന്റെ തൊണ്ടയിൽ നിന്നും ഒരു നിലവിളി ശബ്ദം പുറത്തു ചാടി. അപ്പോഴാണ് വലതു ഭാഗത്ത് കൂടി ലാൻഡ് ചെയ്യാൻ പോകുന്ന മറ്റൊരു K-Air കണ്ടത്.
'ഓ, അപ്പോ അതാണ് ചുള്ളൻ വെട്ടിച്ചത്' ഞാൻ മനസിൽ ഓർത്തു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ മൊബൈൽ പച്ചക്കറികാർ ഉപയോഗിക്കുന്ന മാതിരി ഉള്ള, നാല് സൈക്കിൾ ടയരിന്മേൽ പലക നിരത്തിയ ഒരു വണ്ടി തള്ളി കൊണ്ട് ലീല ചേച്ചി ഇടനാഴിയിലൂടെ മന്ദം മന്ദം നടന്നു വരുന്നത് എനിക്ക് കാണാൻ സാധിച്ചു.
അവർ എന്റെ തൊട്ടു മുന്നിലുള്ള സീറ്റിൽ എത്തിയപ്പോൾ ഞാൻ തള്ള് വണ്ടിയിലേക്ക് ഒന്നു കണ്ണോടിച്ചു.
അപ്പം & മുട്ടക്കറി, പൊറോട്ട & ബീഫ്, പഴം പൊരി & ബീഫ് (കൂർക്ക ഇട്ടത്), പോർക്ക് (അങ്കമാലി സ്റ്റൈൽ) എന്നിവയൊക്കെ പ്രതീക്ഷിച്ചിരുന്ന എന്നെ പല്ല് ഇളിച്ചു പരിഹസിച്ചു കൊണ്ട് തട്ടിൻ മേലിരുന്നത് വെറും ബ്രെഡ് & ജാം.
എന്റെ മുഖത്തെ മ്ലാനത കണ്ടാവണം ലീല ചേച്ചി എന്നെ ഒന്നു തുറിച്ചു നോക്കി.
"വേണേൽ എടുത്തു മൂണുങ്ങടെർക്ക!" തിരുവാ മൊഴിഞ്ഞു.
ഞെട്ടി തെറിച്ച് ഞാൻ ഒരു ബ്രെഡ് എടുത്തു. ലീല ചേച്ചി, ബ്രഷിൽ പേസ്റ്റ് തേയ്ക്കുന്ന കൃത്യതയോടെ ഒരു തുള്ളി ജാം അതിന്മേൽ ഇറ്റിച്ചു.
ഒരല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ എന്ന പ്രതീക്ഷയിൽ ഞാൻ ലീല ചേച്ചിയെ ഒന്നു നോക്കി. പക്ഷേ മാതൃകാ പരമായ രക്ഷാപ്രവർത്തനം വല്ലതും നടക്കുമോ എന്നു പേടിച്ചു ഞാൻ വാ തുറന്നതെ ഇല്ല. ബ്രെഡ് തൊണ്ടയിൽ കുടുങ്ങിയ യുവാവിനെ ചെടിച്ചട്ടി തലയ്ക്ക് അടിച്ച് ജീവൻ രക്ഷിച്ച കാബിൻ ക്രൂവിന് നാളെ മുഖ്യ മന്ത്രി വക അഭിനന്ദനം കൊടുക്കാൻ ഞാനായിട്ട് കാരണഭൂതൻ ആവേണ്ട !
കട കട ശബ്ദം മുഴക്കി, സീറ്റുകൾ ഇളകി ആടി K-Air ശകടം പറന്നു കൊണ്ടേയിരുന്നു. ഞാനും മെല്ലെ മയങ്ങി പോയി.
പിന്നെ കണ്ണു തുറന്നത് ഒരു ശക്തിയായ ഇളക്കത്തിൽ ആണ്. ചുള്ളൻ വണ്ടി ലാൻഡ് ചെയ്തതാ!
സ്പീക്കറിൽ ലോനപ്പേട്ടന്റെ കര കര ശബ്ദം തെളിഞ്ഞു.
'ഇവിടെ വരെ ഉള്ളൂട്ടോ. ലാസ്റ്റ് സ്റ്റോപ്പ്. എല്ലാരും ഇറങ്ങിക്കൊ'
ഞാൻ ഞെട്ടി അടുത്തിരുന്ന ആളോട് സൌമ്യമായി ചോദിച്ചു.
'അപ്പോ ആസ്ട്രേലിയ എത്തിയോ?
'ഇല്ല. സിംഗപൂർ ആയതെ ഉള്ളൂ. പ്ലെയ്ൻ ന് കംപ്ലയിൻറ് ആണ്. വേറെ ഏതെങ്കിലും വന്നാൽ അതിൽ കയറി പോണം.'
'അപ്പോ എന്റെ കാങ്കരൂ?'
അയാൾ വളരെ സൌമ്യതയോടെ ഉവാച.
'നിന്റെ അപ്പന്റെ *&*(#).. ഇറങ്ങി പോടാ നാറീ!'
Comments
Post a Comment