ജപ്പാനിലെ ഫുകുഷിമ തടാകത്തിന്റെ കരയിൽ, തടാകത്തിന്റെ ശാന്തതയും നീലപരപ്പും ആസ്വദിച്ചു നിൽകുകയായിരുന്നു ഞാൻ. ഹോവർബൈക്ക് ഓഫ് ചെയ്ത് തൊട്ടടുത്ത് നിർത്തിയിരുന്നു. കുറച്ചങ്ങ് വടക്ക് മാറി തല ഉയർത്തി നിൽകുന്ന ബന്ദയി അഗ്നിപർവതത്തിന്റെ വായിൽ നിന്നും ഇടയ്ക്കിടെ ചാരവും പുകയും ഉയർന്നു കൊണ്ടിരുന്നു. പർവതം നൂറ്റാണ്ടുകൾക്ക് മുന്പ് വലിച്ച ഭീമൻ ഇ-ചുരുട്ടിന്റെ പുകയാവും അതെന്ന് ഞാൻ തമാശ രൂപേണ ഓർത്തു. ഒരു ചെറു പുഞ്ചിരി എന്റെ അധരങ്ങളിൽ തത്തി കളിക്കുന്നത് ഞാനറിഞ്ഞു. പക്ഷേ പുരാതന കാലത്ത് എങ്ങോ ഇവിടെ നടന്നു എന്നു പറയെപ്പടുന്ന ആണവ ദുരന്തം ഓർത്തപ്പോൾ എന്റെ ചിരി മെല്ലെ മാഞ്ഞു.
ഹോവർബൈക്ക് എന്നു വിളിക്കും എങ്കിലും എന്റെ വാഹനം വെറുമൊരു ബൈക്ക് മാത്രം അല്ല.
രണ്ടു പേർക്ക് അടുത്തടുത്ത് ഇരിക്കുവാനും ഇരുന്ന ഉടൻ തന്നെ ഓട്ടോമാറ്റിക് പാസ്സഞ്ചർ
പ്രൊട്ടക്ഷൻ (ശരീരത്തെ പൊതിയുന്ന ഗ്രാഫീൻ മെഷ്), ആട്ടോ-ഹെഡ് ലോക്ക് എന്നിവയൊക്കെ ഉള്ള,
പറക്കുമ്പോൾ തന്നെ സാറ്റലൈറ്റ് (ഓൺ-ദി-ഗോ) ചാർജിങ് ഒക്കെ ഉള്ള പുതിയ മോഡൽ ആണ്.
എന്നെ തഴുകി കടന്നു പോയ മാരുതനിൽ വെണ്ണീറിന്റെ ചുവയും പുകയുടെ ചവർപ്പും തിരിച്ചറിഞ്ഞ നിമിഷം കുടയെടുക്കാൻ
എന്നെ ഓർമിപ്പിച്ച അമ്മയ്ക്ക് മനസാ നന്ദി പറഞ്ഞുകൊണ്ട് ഞാൻ എന്റെ മഞ്ഞ നിറം ഉള്ള ജോൺസ്
കുട ഹോവർബൈക്കിന്റെ പാനിയെർ ബോക്സിൽ നിന്നും
പുറത്തെടുത്തു. ഹോവർബൈക്ക് വാങ്ങിയ ദിവസം തന്നെ ബുള്ളറ്റ്
ഷാജിയേട്ടന്റെ വർക്ക്ഷോപ്പിൽ കൊടുത്ത് പഴയ ബുള്ളറ്റിന്റെ രണ്ട് സൈഡ് ബോക്സുകൾ ഹോവർബൈക്കിൽ
വെൽഡ് ചെയ്തു പിടിപ്പിച്ചത് ഇങ്ങനെയുള്ള യാത്രകൾ മുന്നിൽ കണ്ടുകൊണ്ട് തന്നെ ആയിരുന്നു.
ഒരു ഫാർ-ഈസ്റ്റ് യാത്ര എന്ന് വീട്ടിൽ സൂചിപ്പിച്ച നിമിഷം
എല്ലാ മാതാപിതാക്കളെയും പോലെ ആദ്യം ഏതിർപ്പുകൾ പറഞ്ഞെങ്കിലും പോകാൻ സമയം ആയപ്പോൾ ഉപ്പേരിയും
ഉണ്ണിയപ്പവും ചമ്മന്തി പൊടിയും മീൻ അച്ചാറും ഒരു ബാഗിൽ ആക്കി “ഇന്നാ ഇത് കൂടെ ഇരിക്കട്ടെ,
പോകുന്ന നാട്ടിൽ കിട്ടുന്നത് കഴിക്കാൻ കൊള്ളുമോ?” എന്ന ആത്മഗതം നടത്തി അമ്മ തന്നെ ഇടതു
വശത്തെ ബോക്സിൽ എടുത്തു വെച്ചു. അതിനു മുകളിൽ ആയി വാട്ടിയ വാഴയിലയിൽ പൊതിച്ചോറും കരിങ്ങാലി
വെള്ളത്തിന്റെ കുപ്പിയും എടുത്തു വെച്ച് “സമയത്തും കാലത്തും കഴിച്ചോണേ” എന്നു ഓർമിപ്പിച്ച്
ആണ് അമ്മ യാത്ര ആക്കിയത്. ഊബെർ ഫ്ലൈയിങ് ടാക്സി യിൽ ഹോവർബൈക്ക് കയറ്റി വെക്കാൻ സഹായിച്ചത്
അച്ഛനായിരുന്നു. വായുവിൽ ഒഴുകുന്ന ഞങ്ങളുടെ കൊച്ചു വീട്ടിന്റെ ഉമ്മറത്ത് ടാക്സി മറയുന്നതു
വരെ നോക്കി നിന്നു പാവങ്ങൾ.
ഭൂഖണ്ഡാന്തര യാത്രാ പോർട്ടൽ (അതിദൂര സൂപ്പർ സോണിക് ഹൈപ്പർലൂപ്പ്) ടെർമിനൽ എത്തുമ്പോഴും എന്റെ ഭയം, എല്ലാ സോളോ യാത്രക്കാർക്കും ഉണ്ടാവുന്ന, പിന്തിരിയണോ എന്ന ശങ്ക എന്നെയും ബാധിച്ചിരുന്നു. ഹോവർബൈക്ക് അറ്റാച്ച് ചെയ്യുന്നത് വരെ. ഈ പോർട്ടൽ ഇല്ലായിരുന്നുവെങ്കിൽ ഇത് പോലുള്ള ബൈക്ക് യാത്രകൾ, പ്രത്യേകിച്ചും ഭൂഖണ്ഡങ്ങൾ താണ്ടുന്നവ, ആലോചിക്കാൻ പോലും കഴിയില്ല എന്ന സത്യം ഞാൻ ഓർമിച്ചു.
ചിന്തകളിൽ മുഴുകി നിന്ന എന്റെ ബോധത്തെ വർത്തമാനത്തിലേക്ക്
തിരിച്ചു കൊണ്ടു വന്നത് അടുത്ത് വരുന്ന ഒരു കാലടി ശബ്ദം ആയിരുന്നു. തിരിഞ്ഞ് നോക്കിയ
ഞാൻ അസ്തപ്രഞ്ജൻ ആയി ഒരു നിമിഷം നിന്നു പോയി. എന്റെ അടുത്തേക്ക് വന്നു കൊണ്ടിരുന്നത്
അതിസുന്ദരി ആയ ഒരു ഏഷ്യൻ യുവതി ആയിരുന്നു. തിളങ്ങുന്ന കോലൻ സിൽക് മുടിയിഴകൾ ചെറുകാറ്റിൽ
എന്നെ മാടിവിളിക്കുന്നത് പോലെ തോന്നി.
അവൾ എന്റെ അരികിൽ എത്തി വശ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു.
ലോലമായ, നീല ഞരമ്പുകൾ തെളിഞ്ഞ് നിൽകുന്ന, നീണ്ട വിരലുകൾ ഉള്ള കൈകൾ അവൾ എന്റെ നേർക്ക് നീട്ടി. ആ മൃദുകരത്തിൽ അണിഞ്ഞിരുന്ന
ഹാൻഡ് കൺസോൾ എന്റെ ഹെഡ് ബാൻഡ്ന്റെ നിയർ ഫീൽഡ് കമ്യൂണികേഷൻ ന്റെ പരിധിയിലേക്ക് അടുപ്പിച്ചു.
ഞാനും അത് തന്നെ അവർത്തിച്ചു. ഞങ്ങളുടെ കൺസൊളുകൾ പരസ്പരം പെയർ ചെയ്യപ്പെട്ടു.
ഉത്തര കൊറിയയിൽ എങ്ങോ ആണ് അവളുടെ നാട്. പേര് സു കൈ ന്യാ.
ഈ തടാക സൌന്ദര്യം കേട്ടറിഞ്ഞ് വന്നതാണ് അവളും. ദൌർഭാഗ്യവശാൽ അവളുടെ സിംഗിൾ സീറ്റ് ഹോവർബൈക്ക് തകരാറിലാവുകയും (പഴയ മോഡെലിൽ ആ പ്രശ്നം പലപ്പോഴും
റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്) സാറ്റ് കോം ഡിവൈസ് ചാർജ്ജ് തീരുകയും ചെയ്തതിനാൽ ഇനി എന്ത്
എന്ന് വിഷമിച്ചു നിലകുമ്പോൾ ആണത്രെ എന്റെ ഹോവർബൈക്ക് കടന്നു പോകുന്നത് കണ്ടത്. ഒറ്റ
നോട്ടത്തിൽ അത് രണ്ട് പേർക്ക് സഞ്ചരിക്കാവുന്നത് ആണെന്ന് അവൾ മനസിലാക്കി.
ഡബിൾ സീറ്റ് ഹോവർബൈക്ക് എടുക്കാൻ തോന്നിയ നിമിഷത്തിന്
ഞാൻ മനസിൽ നന്ദി പറഞ്ഞു. ചാരം വീഴാതിരിക്കാൻ
ഞാൻ അവളെ കുടക്കുള്ളിലേക്ക് ക്ഷണിച്ചു. ചേർന്ന് നിന്നപ്പോൾ അവളുടെ സുഗന്ധം എന്റെ നാസാരന്ധ്രങ്ങളിൽ
അലയടിച്ചു.
ഞങ്ങൾ ഏറെ നേരം ആ തടാക കരയിൽ ചിലവഴിച്ചു. ഞാൻ അടുത്തിടെ
വൈറൽ ആയ ‘കിം കിം’ പാട്ട് പാടി കേൾപ്പിച്ചപ്പോൾ അവളുടെ സന്തോഷം നിസ്സീമമായിരുന്നു.
തിരിച്ചു നാട്ടിൽ എത്തിയാൽ ഉടൻ തന്നെ ഈ പാട്ട് അവിടുത്തെ ഭരണാധികാരിയെ കേൾപ്പിച്ച്
കൈ നിറയെ സമ്മാനങ്ങൾ വാങ്ങും എന്ന് അവൾ എന്നെ അറിയിച്ചു. വളരെ നൂറ്റാണ്ടുകൾ ആയി അവരുടെ
രാഷ്ട്ര തലവന്മാരുടെ പേര് അത് ആണത്രെ! ഇൻസ്റ്റൻറ് ക്ലൌഡ് ട്രാൻസ്ലേറ്റ് ഉള്ള ഹെഡ് ബാൻഡ്
ഞങ്ങളുടെ ചിന്തകളെ അപ്പപ്പോൾ അവരവരുടെ ഭാഷയിലേക്ക്
വിവർത്തനം ചെയ്തു കൊണ്ടിരുന്നു.
ശാന്ത സുന്ദരമായ ആ നിമിഷങ്ങളെ ഭഞ്ജിച്ചു കൊണ്ടു ഒരു ഇ-ലോറിയുടെ
മുരൾച്ച ഞങ്ങളെ അലോസരപ്പെടുത്തി. ഞെട്ടി തിരിഞ്ഞ് നോക്കിയ ഞങ്ങളെ എതിരേറ്റത് സ്ക്രാപ്
ചെയ്യാൻ ദശാബ്ദങ്ങൾ പിന്നിട്ട ഒരു പടുകൂറ്റൻ ഫ്ലൈയിങ് ലോറി ആ സമതലത്തിന്റെ പ്രശാന്തതയെ
കീറിമുറിച്ച് കൊണ്ട് ഞങ്ങളുടെ അരികിലേക്ക് വരുന്ന കാഴ്ച ആണ്. ഞാൻ സു വിന്റെ കൈ പിടിച്ചു
കൊണ്ട് എന്റെ ഹോവർബൈക്കിന്റെ അരികിലേക്ക് നീങ്ങി.
തനിച്ചെത്തുന്ന സഞ്ചാരികളെ കൊള്ളയടിക്കുന്ന ഒരു പൈറേറ്റ് സംഘം ആ മേഖലയിൽ സജീവം ആണെന്ന്
ട്രാവെൽ അലേർട്ട് ഉണ്ടായിരുന്നതിനാൽ ഞാൻ പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെടാൻ തീരുമാനിച്ചു.
ലോറി കുറച്ച് അടുത്തെത്തിയപ്പോൾ ആണ് അത് എന്റെ പ്രിയ സ്നേഹിതൻ
സ്പെയ്ൻകാരൻ ഗോട്ട് ടൊമാസ് ആണെന്ന് മനസിലായത്. ലോറിയുടെ മൂർദ്ധാവിലെ 'ഡെമോണിയോ' (ചെകുത്താൻ എന്നതിന്റെ സ്പാനിഷ്) എന്ന പേര്
വ്യക്തമായതും വലിഞ്ഞു മുറുകി നിന്ന എന്റെ പേശികൾ ശാന്തം ആയി. ഞാൻ സുവിനെ നോക്കി ഒന്നുമില്ല
എന്ന് കണ്ണടച്ച് കാണിച്ചു.
ലോറി നിർത്തി അതിൽ നിന്നും ഇറങ്ങിയ രൂപത്തെ ഞങ്ങൾ വീക്ഷിച്ചു. നരച്ചു നീണ്ട മുടിയും താടിയും. തലേന്ന് കഴിച്ച കള്ളിന്റെ മട്ടും സ്പാനിഷ് കപ്പയുടെയും കറിയുടേയും അവശിഷ്ടങ്ങൾ താടിയിൽ അവിടവിടെ തങ്ങി കിടപ്പുണ്ട്. ഒരു ചുവന്ന, അകം പുറം കാണാവുന്ന, ജുബ്ബായും കള്ളി മുണ്ടും ആണ് വേഷം. ഏതോ പോലീസുകാരൻ പണ്ട് ചവിട്ടി പൊട്ടിച്ച ഒരു റയിബാൻ ഗ്ലാസ് ടേപ് ഒട്ടിച്ച് അഡ്ജസ്റ്റ് ചെയ്തു വെച്ചിട്ടുണ്ട്. മെലിഞ്ഞു തോളിലെ കുഴികൾ എടുത്തു കാണാം. ചുണ്ടിന്റെ ഒരു വശത്ത് കടിച്ച് പിടിച്ചിരുന്ന എ-ബീഡി ഒരു വശത്തേക്ക് തുപ്പി, എളിയിൽ തിരുകിയിരുന്ന ഒരു ഫ്ലാസ്ക് എടുത്ത് ഒരു തരം ചുവന്ന ദ്രാവകം അദ്ദേഹം ഒരു കവിൾ കുടിച്ചു. ശീലം കൊണ്ട് കറുത്ത മുട്ടനാടിന്റെ ചങ്കിലെ ചോരയാണ് അത് എന്ന് ഞാൻ ഊഹിച്ചു.
ആരാണീ അപ്പാവി എന്ന സുവിന്റെ ചോദ്യത്തിന് ഒരു പഴയ പുലി
ആണ്, എന്റെ സുഹൃത്ത് ആണ് എന്ന ഒറ്റ വരിയിൽ ഞാൻ മറുപടി ഒതുക്കി. അങ്ങനെ ഒരവസ്ഥയിൽ അവൻ എന്റെ സുഹൃത്ത് ആണ് എന്ന് സുവിനോട് പറയുന്നതിൽ
ഒരൽപ്പം കുറച്ചിൽ തോന്നിയെങ്കിലും കള്ളം പറയാൻ മനസ് വന്നില്ല. അത്യാവശ്യം ഒന്നുമില്ലാതെ
അവൻ ഈ പാട്ടയും എടുത്ത് ഇത്ര ദൂരം എന്റെ ഹോം ട്രാക്ക് ഡിവൈസ് ഹാക്ക് ചെയ്ത് ലൈവ് ലൊക്കേഷൻ
മനസിലാക്കി വരില്ല എന്ന് എനിക്ക് മനസിലായിരുന്നു.
അടുത്തെത്തിയ GOAT (greatest of all time) ടൊമാസ് കാര്യങ്ങൾ വിശദീകരിച്ചു. എന്റെ വിവരങ്ങൾ ഒന്നും അറിയാതെ വിഷമിച്ച അച്ഛനും അമ്മയും, (എന്റെ സാറ്റ് കോം വിറ്റിട്ട് ആണ് ഞാൻ യാത്രയ്ക്ക് ഉള്ള ബിറ്റ്കോയിൻ സമാഹരിച്ചത്. ഇൻസ്റ്റൻറ് ട്രാൻസ്ലാറ്റെറും വാങ്ങിയത് ഭാഗികം ആയി അതിൽ നിന്നാണ്), ഞങ്ങളുടെ കൂട്ടുകാരനും മറ്റൊരു യാത്രാ പ്രാന്തനും ആയ ഡിൽകർ സോളമനെ (ചെക്കോസ്ലോവാക്) ഹോളോഗ്രാമിൽ വിളിച്ച് കാണുകയും ഹോം ട്രാക്ക് ഡിവൈസ് ആക്സെസ് കോഡ് കൈമാറുകയും ചെയ്തു. ഡിൽകർ ഉടൻതന്നെ അവന്റെ പേർസണൽ ഫ്ലൈയിങ് മെഷിൻ എടുത്ത് എന്റെ ലാസ്റ്റ് നോൺ ലോകേഷനിലേക്ക് വെച്ചു പിടിക്കുകയും ചെയ്തു. അമ്മയെ സമാധാനിപ്പിക്കാൻ അവൻ ഇൻസ്റ്റൻറ് ട്രാക്കിങ് ഓണാക്കി ഇട്ടിരുന്നു. പക്ഷേ കഴിഞ്ഞ കുറെ മണിക്കൂറുകൾ ആയി അവന്റെ ജിപിഎസ് ഒരു സ്ഥലത്ത് തന്നെ നിൽകുന്നു. പക്ഷേ സാറ്റ് കോം സ്വിച്ച് ഓഫ് ആണ്.
അങ്ങനെ കൂപ്പിൽ നിന്നും തടി ഇറക്കി ക്ഷീണിച്ച് സ്പെയ്ൻലെ
വീടിന്റെ അടുത്തുള്ള മരത്തിൽ കെട്ടിയ ഏറുമാടത്തിൽ (Tree House എന്നൊക്കെ പുള്ളി പറയും, പക്ഷേ സംഗതി നമ്മുടെ ഏറുമാടം തന്നെ) വിശ്രമിക്കുക ആയിരുന്ന ടൊമാസ് വിവരം
അറിയുകയും ദൌത്യം ഏറ്റെടുത്ത് ഞങ്ങളെ തിരക്കി ഇറങ്ങുകയും ആയിരുന്നു. ഗതികേടിന് അന്ന്
ഊബർ ഫ്ലൈയിങ് ആട്ടോകൾ ഓൺ-ദി-ഗോ ചാർജജിങ് റേറ്റ് കുറയ്ക്കുവാൻ സമരത്തിൽ ആയിരുന്നത് കൊണ്ട്
ഹെവി ആയ, റണ്ണിംഗ് കപ്പാസിറ്റി കുറഞ്ഞ ലോറി തന്നെ എടുകേണ്ടി വന്നു. ഭൂഖണ്ഡാന്തര യാത്രാ
പോർട്ടലിൽ ലോറി അറ്റാച്ച് ചെയ്യുവാൻ അവൻ ഒരു പാട് കൈക്കൂലി കൊടുക്കേണ്ടി വന്നു എന്നും
അത് ഞാനും ഡിൽകറും കൊടുക്കണം എന്നും, കൊടുത്തില്ലെങ്കിൽ കുത്തിന് പിടിച്ചു വാങ്ങിയിരിക്കും
എന്നും അവൻ ഒട്ടും തമാശ അല്ലാത്ത രീതിയിൽ എന്നെ അറിയിച്ചു.
ഡിൽകർനെ അന്വേഷിച്ചു ചെന്നപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു
പോലും. ഇപ്പോഴും 5G നെറ്റ് വർക്ക് മാത്രം ഉള്ള, റോഡ് ഗതാഗതം
ഉപയോഗിക്കുന്ന ഒരു പ്രാചീന ഗോത്രക്കാരുടെ ഗ്രാമത്തിൽ ഒരു കള്ളനെ പോലെ അവനെ ഒരു പഴയ വിൻഡ് മില്ലിൽ കെട്ടിയിട്ടിരിക്കുന്നു. അവരുടെ കയ്യിൽ
ക്ലൌഡ് ആയുധ കാലഘട്ടത്തിന് മുൻപുള്ള, മനുഷ്യൻ സ്വന്തം ഇഷ്ടത്താൽ ഉപയോഗിക്കുന്ന, നിർമ്മിത
ബുദ്ധിയുമായി ഒരു ബന്ധവും ഇല്ലാത്ത യന്ത്ര തോക്കുകൾ കണ്ടതോടെ ടൊമാസ് സാഹസത്തിന് മുതിരാതെ
നേരെ എന്റെ ലൊക്കേഷൻ കണ്ടെത്തി പോരുക ആയിരുന്നു. ആൾ മാസ് ഡയലോഗ് ഒക്കെ മുട്ടിന് മുട്ടിന്
അടിക്കുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു ഭീരുവാണ് എന്ന് ഞങ്ങൾക്ക് മാത്രമേ അറിയുള്ളല്ലോ!
ഞാൻ ഡിൽകറിന്റെ പ്രൊഫൈൽ ആക്സെസ്സ് ചെയ്ത് ലൊക്കേഷൻ നോക്കി.
ഏതാണ്ട് 100 എയർ മൈലുകൾ അകലെയാണ് ലൊക്കേഷൻ. കുറച്ചു മനക്കണക്കുകൾ നടത്തി. തലച്ചോറിന്
പരിചയമില്ലാത്ത ജോലി ആയതിനാൽ ഉടൻ തന്നെ അത് പ്രതിഷേധം തലവേദന രൂപത്തിൽ അറിയിച്ചു. കുറച്ച്
ചാർജ്ജ് രക്ഷിക്കാൻ വേണ്ടി സാഹസം വേണ്ടാ എന്ന് തീരുമാനിച്ച് ഞാൻ ഹോവർബൈക്ക് ഓണാക്കി
ഹോളോഗ്രാം ഇൻററാക്റ്റീവ് ഡിസ്പ്ലേ ഓണാക്കി കണക്ക് കൂട്ടലുകൾ നടത്തി.
സു വിനെ അടുത്ത ജനവാസ കേന്ദ്രത്തിൽ ഒരു റെൻറ്-എ- ഹോവർബൈക്ക്
സ്ഥാപനത്തിന്റെ അടുത്ത് ഇറക്കി, അധിക യാത്രയ്ക്ക് ഉള്ള ഓൺ-എയർ ചാർജ്ജ് കൂപ്പൺ അവിടുന്ന്
എടുത്താൽ ഓൺ-ദി-ഗോ ചാർജ്ജ് സാറ്റലൈറ്റ് വഴി ആയിക്കൊളും. നേരെ ഡിൽകർന്റെ അടുത്തേക്ക്.
അവിടെ ലാന്ഡ് ചെയ്ത് അവനെ അവിടെ നിന്നും ലിഫ്റ്റ് ചെയ്യുക.
യാത്ര മുടങ്ങിയതും സുവിനെ ഇത്ര വേഗം പിരിയേണ്ടി വരുന്നതും
എല്ലാം എന്നെ കണക്കറ്റ് ആസ്വസ്ഥനാക്കി. ഇവനൊക്കെ തിരക്കി ഇറങ്ങാൻ കണ്ട നേരം എന്ന് മനസിൽ
പ്രാകി ഞാൻ എന്റെ പ്ലാൻ അവരോട് പറഞ്ഞു. പക്ഷേ സുവിന്റെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു.
അവൾക്ക് ഞങ്ങളുടെ കൂടെ വരണമത്രേ. ഒരു പക്ഷേ ആ ഗോത്രക്കാരോട് സംസാരിക്കുമ്പോൾ അവളുടെ
സാന്നിധ്യം ഉപകാരപ്പെടും എന്ന്. അതിലെ അപകടം ഞാൻ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും
അവൾ കേൾക്കാൻ കൂട്ടാക്കിയില്ല. അപ്പോൾ ടൊമാസ് അതിനെ അനുകൂലിച്ചു. ലോറി എന്തായാലും പോകുന്നുണ്ട്.
അത് ഓൺ-ദി-ഗോ ചാർജ്ജ് ഉള്ളതാണ്. സമയം ലാഭിക്കാം. ആ പാട്ടയിൽ പോകുന്നത് ഓർത്തപ്പോൾ തന്നെ
എന്റെ ചങ്കിടിച്ചു. പിന്നെ അകപ്പെട്ടിരിക്കുന്ന അവസ്ഥ ഓർത്ത് ഞാൻ സമ്മതിച്ചു.
ഞങ്ങൾ പെട്ടെന്ന് തന്നെ സുവിന്റെ കേടായ ഹോവർബൈക്ക് എടുത്ത്
കൊണ്ടു വന്ന് 'ഡെമോണിയോ' വിന്റെ കാർഗോ ഹോൾഡിൽ കെട്ടി വെച്ചു. തൊട്ടടുത്ത് തന്നെ എന്റ്റെ പുതിയ
ഹോവർബൈക്ക് വെച്ച് അതിൽ തന്നെ ഉള്ള എക്സ്റ്റെൻഷൻ വെൽക്രോ ഉപയോഗിച്ച് സുരക്ഷിതമാക്കി. 'ഡെമോണിയോ' ഹോവർ ചെയ്ത് ഉയർന്ന് അതിനു നല്കിയ സ്ഥലത്തേക്ക് ആകാശത്തിന്റെ അതിരുകളെ ഭേദിച്ച്
കുതിച്ചു.
ടൊമാസ് ചുരുട്ടി വെച്ചിരുന്ന ജുബ്ബായുടെ കൈ മടക്കിൽ നിന്നും
ഒരു ഇ-ബീഡി എടുത്തു കത്തിച്ച് വേപ് ചെയ്യാൻ ആരംഭിച്ചു. പ്രത്യേകമായി ഇൻസ്റ്റാൾ ചെയ്ത
ഒരു എലക്ട്രിക് സക്ഷൻ അവൻ പുറത്ത് വിടുന്ന നീരാവി കലർന്ന പുകയെ ഉടൻ തന്നെ വലിച്ചെടുത്ത്
പുറന്തള്ളി. അതിനാൽ വേപ്പ് ചെയ്യാത്ത എനിക്ക് അസ്വസ്ഥത ഉണ്ടായതേ ഇല്ല.
വളരെ വേഗത്തിൽ പിന്നോക്കം ഓടി മറയുന്ന മരത്തലപ്പുകളും
പറന്ന് നടക്കുന്ന ജനവാസ കേന്ദ്രങ്ങളും പിന്നിട്ട് ഞങ്ങൾ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരുന്നു.
ലക്ഷ്യത്തിൽ നിന്നും ഏതാനും എയർ മൈലുകൾ ദൂരത്ത് നിന്നേ ടോമസിന്റെ ഇ-ലോറി അനൌൺസമെന്റ്
ആരംഭിച്ചിരുന്നു. ലാന്ഡ് ചെയ്യുന്ന സ്ഥലം ഓഫ്-ഗ്രിഡ്-സോൺ ആണ്, സാറ്റ് ചാർജ്ജ് / കോംസ്
ഉണ്ടാവില്ല. 2 മണിക്കൂറിൽ അധികം സ്റ്റാൻഡ്-ബൈ
സമയം ഇല്ല എന്നൊക്കെ.
കാടിന് നടുവിൽ പുരാതനമായ കോൺക്രീറ്റ് കെട്ടിടങ്ങൾ പരന്നു
കിടക്കുന്ന ഒരു പ്രദേശം ലോറിയുടെ നാവിഗേഷൻ സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഞാൻ സീറ്റ് ബെൽറ്റ്
അഴിച്ച് കാർഗോ ഹോൾഡിലേക്ക് കയറി. സു എന്റെ പിന്നാലെ ഉണ്ടായിരുന്നു.
ഞങ്ങളുടെ പ്ലാൻ ഇപ്രകാരം ആയിരുന്നു. വലിയ വാഹനം ആയതിനാൽ
ലോറി ചാർജിങ് സോണിൽ ഹോവറിൽ നിർത്തുക. ഞാനും സൂവും
ഹോവർബൈക്കിൽ താഴെ ഇറങ്ങുക. സമാധാനമായി പ്രശ്നം പരിഹരിച്ച് ഡിൽകറിനെ വിടുവിച്ച് അവന്റെ
ഫ്ലൈയിങ് മഷീനിൽ തിരിച്ചയക്കുക. ലക്ഷ്യൂറി മോഡൽ (അവന്റെ ബാപ്പ - മൈമോ ടീ - കണക്കറ്റ് സ്വത്ത് ഉണ്ടാക്കി
ഇട്ടിട്ടുണ്ടല്ലോ. ചെക്കൊസ്ലൊവാക്യൻ സിനിമയിലെ നിത്യഹരിത വസന്തം ആണല്ലോ) ആയത് കൊണ്ട്
ഓൺ-ദി-ഗോ ചാർജ്ജ് ഒക്കെ ഉണ്ടാവുമല്ലോ. ഒന്നു
പറന്നു കിട്ടിയാൽ മതി. ഞാൻ സുവിനെയും കൊണ്ട് പിന്നാലെ. അവളുടെ ഹോവർബൈക്ക് വർക്ക് ഷോപ്പിൽ
എത്തിച്ച് നന്നാക്കുക. കിം കിം പാട്ടുമായി അവൾ അവളുടെ വഴിക്ക്. ഇതിനിടക്ക് അവളുടെ സാറ്റ്
കോം ഐഡി കിട്ടിയാൽ പിന്നെ ബാക്കിയൊക്കെ ഹോളോഗ്രാം വഴി.
അങ്ങനെ ഞങ്ങൾ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഹോവർബൈക്ക് താഴ്ത്തി.
തറ നിരപ്പിന് സമാന്തരമായി മെല്ലെ മുന്നോട്ട് നീങ്ങി. ഗോട്ട് ടൊമാസ് പറഞ്ഞ സ്ഥലത്ത്
അടുക്കാറായപ്പോൾ തന്നെ അവിടെ ഉയർന്നു നിൽകുന്ന കാറ്റാടി യന്ത്രവും അതിന്റെ ചുവട്ടിൽ
കുറച്ചു പേർ കൂടി നിൽകുന്നതും ശ്രദ്ധയിൽ പെട്ടു. ഞങ്ങളുടെ ഹോവർബൈക്ക് കണ്ടതും ആൾകൂട്ടത്തിലെ
നേതാവ് എന്നു തോന്നിക്കുന്ന ചിലർ അവരുടെ കൈവശം ഉണ്ടായിരുന്ന മെക്കാനിക്കൽ തോക്കുകൾ
ഞങ്ങളുടെ നേരെ ചൂണ്ടി എന്തോ പറയുന്നുണ്ടായിരുന്നു.
ബൈക്ക് ലാന്ഡ് ചെയ്യുവാൻ സു എന്നോട് പറഞ്ഞു. അവളുടെ കണ്ണുകളിൽ
എന്തോ ഒന്നു തീക്ഷ്ണമായി കത്തുന്നതായി എനിക്ക് തോന്നി.
ഭയമേതുമില്ലാതെ സു കൈ ന്യാ ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ,
ക്ഷമിക്കണം, തോക്കുകൾക്ക് ഇടയിലൂടെ അവരുടെ നേതാവ് എന്നു തോന്നിപ്പിക്കുന്ന ഒരാളുടെ
നേർക്ക് ചെന്നു. ഞാൻ അവളെ നിശബ്ദം ആയി അനുഗമിച്ചു.
അവർ തമ്മിൽ അഭിവാദ്യം ചെയ്ത രീതി എന്നെ ആശ്ചര്യപ്പെടുത്തി.
ശരീരത്തിന്റെ ഉത്തരഭാഗം ഒരു പ്രത്യേക രീതിയിൽ മുൻപോട്ട് വളച്ച് രണ്ടു പേരുടെയും കൈകൾ
പരസ്പരം സംയോജിപ്പിച്ച് കുലുക്കി ഒരു പ്രത്യേക തരം അഭിവാദ്യം. അഭിവാദ്യത്തേക്കാൾ എന്നെ
ആശ്ചര്യപ്പെടുത്തിയത് സു വിനു ഇതൊക്കെ എങ്ങനെ അറിയാം എന്നതായിരുന്നു. പേരറിയാത്ത ഒരു
ഭയം എന്റെ നാഡീഞരമ്പുകളിൽ അരിച്ചു കയറുന്നത് ഞാനറിഞ്ഞു. അറിയാതെ ഞാൻ എന്റെ ഹോവർബൈക്ക്
കിടക്കുന്ന സ്ഥലത്തേക്ക് ഒന്ന് നോക്കി. രണ്ടു പ്രാകൃത മനുഷ്യർ തോക്കുമായി അതിന്റെ ഇരു
വശത്തും നിലകൊണ്ടിരുന്നു. എന്റെ മുഖവും കണ്ണും ഇല്ലാതെ അവർക്ക് അതിൽ ഒന്നും ചെയ്യാനാവില്ല
എന്ന സത്യം എന്നിൽ കുറച്ചു ധൈര്യം നിറച്ചു. എന്റെ കയ്യിൽ ധരിച്ചിരിയ്ക്കുന്ന ഒരു വാച്ചിനോളം
പോന്ന ഉപകരണം കൊണ്ട് എനിക്ക് വേണമെങ്കിൽ അതിനെ സ്റ്റാർട്ട് ചെയ്യാനും, ഫോളോ-മി മോഡ്
ഉപയോഗിക്കാനും കഴിയും എന്നതും കുറച്ചൊന്നുമല്ല എന്നെ സമാധാനിപ്പിച്ചത്.
സു പ്രാകൃതമായ എന്തോ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നത് കേട്ടതോടെ
എന്റെ ധൈര്യം വീണ്ടും ചോരുവാൻ തുടങ്ങി. കുറച്ചപ്പുറത്ത് വിൻഡ്
മില്ലിന്റെ കോണിയിൽ ബന്ധനസ്ഥനായി കിടക്കുന്ന എന്റെ സുഹൃത്തിനെ ഞാൻ ദയനീയമായി നോക്കി.
അവൻ അവിടെ കിടന്ന് ലേലു അല്ലൂ എന്നോ മറ്റോ പറയുന്നത് പോലെ എനിക്ക് തോന്നി. പക്ഷേ ഞങ്ങൾ
തമ്മിലുള്ള ദൂരം കൂടുതൽ ആയതിനാൽ ഹെഡ് ബാൻഡ് സിഗ്നൽ ശരിയായി പിടിച്ചെടുക്കുന്നുണ്ടായിരുന്നില്ല.
അത്ഭുതം എന്നു പറയട്ടെ, എന്റെ അടുത്ത് നിൽകുന്ന സൂവും
ഗോത്ര നേതാവും തമ്മിൽ സംസാരിക്കുന്ന ഭാഷ എന്റെ തലയിൽ കെട്ടിയിരിക്കുന്ന ക്ലൌഡ് ട്രാൻസ്ലേറ്റർ
മനസിലാക്കുന്നതേ ഇല്ല എന്നതാണ്. സാറ്റ് ബന്ധം ഇല്ലെങ്കിൽ കൂടി പ്രചാരത്തിലുള്ള പ്രധാന
ഭാഷകൾ ഒക്കെ മൊഴിമാറ്റം നടത്തുവാൻ സാധിക്കുന്ന ഉപകരണം ആണ് ഇത്. അതിനർഥം സംയുക്ത ക്ലൌഡ്
ടെക്നോളജി ആരംഭിക്കുന്നതിനും വളരെ മുന്പ് ഉപയോഗത്തിൽ ഉണ്ടായിരുന്ന, എന്നാൽ ക്ലൌഡ് മൈഗ്രേറ്റ്
ചെയ്യപ്പെടാത്ത ഏതോ ഭാഷ ആണെന്നാണ്. എന്തായാലും അത് അധിക സമയം നീണ്ടില്ല. നേതാവ് തല
കുലുക്കി ആദരപൂർവം സു കൈ ന്യാ യെ വണങ്ങിയ ശേഷം തിരിഞ്ഞ് തന്റെ അനുചരന്മാരോട് എന്തോ
ഉയർന്ന ശബ്ദത്തിൽ ആജ്ഞാപിച്ചു. ഉടൻ തന്നെ അവർ ഡിൽകറിനെ കെട്ടുകൾ അഴിച്ച് മോചിപ്പിക്കുന്ന
അത്ഭുതകരമായ കാഴ്ചയും നിമിഷങ്ങൾക്കുള്ളിൽ ഗോത്രമനുഷ്യർ എല്ലാവരും അവിടെ നിന്നും കോൺക്രീറ്റ്
കാട്ടിലേക്ക് അപ്രത്യക്ഷർ ആവുന്നതും എനിക്ക് കാണാൻ സാധിച്ചു..
ഒരു ചെറു പുഞ്ചിരിയും ആയി സു എന്റെ അരികിലേക്ക് നടന്നെത്തി.
കിളി പോയി നിൽകുന്ന ഞാനും ഡിൽകറും നടന്നത് സ്വപനമോ മിഥ്യയോ വെർച്വൽ റെയാലിറ്റിയോ, ഔഗ്മെന്റേഡ് റിയാലിറ്റിയോ, റിയൽ
റെയാലിറ്റിയോ എന്നറിയാതെ ആശയകുഴപ്പത്തിൽ പരസ്പരം നോക്കി നിന്നു.
നടന്ന കാര്യങ്ങൾ സു വിശദീകരിക്കുമ്പോഴേക്കും ഡിൽകർ അവന്റെ
ഹാൻഡ് കോൺസോൾ ഉപയോഗിച്ച് ഫ്ലൈയിങ് മെഷീനുമായി സംവദിക്കാൻ ശ്രമിക്കുക ആയിരുന്നു.
തലേന്ന് അടിച്ച ചെക്ക് വാറ്റ് ചാരായത്തിന്റെ കെട്ട് മാറാതെ
ആണ് ഡിൽകർ യാത്ര തുടങ്ങിയത്. ഹാങ് ഓവെർ മാറാൻ മരിയുവാന ഇല ഇട്ട വെള്ളം അമിതമായി കുടിച്ചിരുന്നു.
ഓഫ്-ഗ്രിഡ് സോൺ എത്തുമ്പോഴേക്കും പിടിച്ചു നിൽക്കാൻ ആവാത്ത വിധം മൂത്ര ശങ്ക. വേണമെങ്കിൽ
അവന്റെ ആധുനിക ഫ്ലൈയിങ് മെഷീനിൽ നിന്നും പുറത്തേക്ക് ഒഴിക്കാമായിരുന്നു. ഉത്തരവാദിത്വമുള്ള
പൌരൻ ആയ ഡിൽകർ പറക്കും യന്ത്രം താഴെ ഇറക്കി മൂത്രം ഒഴിക്കുമ്പോൾ ആണ് പ്രാകൃത മനുഷ്യർ
നാല് പാടും നിന്നു വളഞ്ഞത്.
സു വിന്റെ നാട്ടിലുള്ള ഒരു റിബൽ ഗ്രൂപ്പ് ആണ് ഈ പ്രാകൃത
മനുഷ്യർക്കുള്ള ആയുധങ്ങൾ നല്കുന്നത്. സു വിന്റെ അച്ഛൻ അങ്ങനെയൊരു സംഘടനയുടെ പ്രാന്ത
പ്രവർത്തകൻ ആണ്. അങ്ങനെ ആണ് സുവിന് ഈ ഭാഷ സംസാരിക്കുവാൻ കഴിയുന്നത്. ഹിക്കിഷ്, അതോ ഇക്കിഷ് എന്നോ മറ്റോ ആണ് ഈ ഭാഷയുടെ പേര്.
ആധുനിക കാലത്തും സംവദിക്കുവാൻ വായ കൊണ്ട് ശബ്ദം ഉണ്ടാക്കി
ജീവിക്കുന്ന അവരോട് എനിക്ക് സഹതാപം തോന്നി. ചിന്തകളെ ശബ്ദ രൂപത്തിൽ ആക്കുവാൻ ഒരു പാട്
ഊർജം ചിലവഴിക്കുന്ന അവർക്ക് തീർച്ചയായും പുരോഗതി ഉണ്ടാവട്ടെ എന്ന് ഞാൻ മനസ് കൊണ്ട്
ആശംസിച്ചു.
ഡിൽകർ തന്റെ പറക്കും യന്ത്രവുമായുള്ള ബന്ധം പുനസ്ഥാപിച്ചു
എന്ന് ആഹ്ളാദ പൂർവം പ്രഖ്യാപിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ മൂവരും അവിടം വിട്ട് അവരവരുടെ
ലക്ഷ്യത്തിലേക്കുള്ള പ്രയാണം പുനരാരംഭിച്ചു. ബാക്കി വന്ന അച്ചാറും ഉപ്പേരിയും ചമ്മന്തിയും
ഒക്കെ ഞങ്ങൾ ഡെമോണിയോയുടെ കാർഗോ ഹോൾഡിൽ വെച്ചു പങ്ക് വെച്ചു. ഗോട്ട് ടൊമാസ് അവന്റെ
ഷെയർ അവിടെ വെച്ചു തന്നെ ഒരു സ്പാനിഷ് നാടൻ വാറ്റിന്റെ ഒപ്പം തീർത്തു. ഭൂഖണ്ഡാന്തര
യാത്രാ പോർട്ടലിൽ ഓരോരുത്തരും തങ്ങളുടെ മൊഡ്യൂളുകളിൽ ലോക്ക്-ഇൻ ചെയ്യുന്നതിന് മുൻപ്
ഹോളോഗ്രാമിൽ വീണ്ടും കണ്ടു മുട്ടും എന്ന പ്രതിജ്ഞ പുതുക്കുകയും സു കൈ ന്യാ യെ ഞങ്ങളുടെ
ഫ്രണ്ട് ലിസ്റ്റിൽ ആഡ് ചെയ്യുകയും ചെയ്തു.
ഇതെന്തൊക്കെ ആണ്..
ReplyDeleteസുകന്യ, ദുൽഖർ സൽമാൻ, തോമസ്..
😄...
വളരെ പ്രാചീന ഭാഷയായ ഇംഗ്ലീഷ്..
👍🙏 സൂപ്പർ