Skip to main content

സെഞ്ചുറി വീരന്‍

ഇത് 2007 ഏപ്രിൽ 2 മുംബൈ ജംഗ്ഷൻ എന്ന എന്റെ പഴയ ബ്ലോഗിൽ പോസ്റ്റിയതാണ്

മധ്യവേനല്‍ അവധി വന്നാല്‍ പിന്നെ എന്റെ നാട്ടില്‍ ഒരൊറ്റ കണ്ടവും ഒഴിവുണ്ടാവില്ല. പിള്ളേരുസെറ്റ് രാവിലെ തന്നെ, മടലും പന്തും മൂന്നു കുറ്റിയും ആയി വയലായ വയലെല്ലാം കൈയടക്കും. ഷെയ്ന്‍ വോണ്‍ പോലും അന്തം വിട്ടു പോകുന്ന അത്ര റ്റേണിംഗ് ആണെല്ലാവര്‍ക്കും.കാരണം?
കൊയ്തു കഴിഞ്ഞ പാടത്തെ കുഴികളില്‍ പന്ത് വീണാല്‍ പിന്നെ അതെങ്ങോട്ടു പോകും എന്ന് എറിഞ്ഞവനു പോലും അറിയില്ലല്ലോ...അങ്ങനെ ഒരു വേനലവധി. ഉച്ച വരെ വണ്‍ഡേ കളിച്ചു മടുത്തപ്പൊള്‍ ഞങ്ങള്‍ ടെസ്റ്റ് കളിക്കാം എന്നു തീരുമാനിച്ചു. എന്നു വെച്ചാല്‍ ഫൈവ് ഡേയ്സ് കളി എന്നല്ല, എല്ലാവരും ഔട്ട് ആകുന്നതുവരെ. മിക്കവാറും എല്ലാവരും സച്ചിനും, സെവാങ്കും ഒക്കെ ആയതു കാരണം, ടെസ്റ്റ് തീരാനും വലിയ സമയം എടുത്തിരുന്നില്ല.
അങ്ങനെ ഞാനും ബെന്‍സി എന്ന സുഹ്രുത്തും ബാറ്റിങ്ങ് നടത്തിക്കൊണ്ടിരിക്കുന്നു. ഇടക്കൊന്നു പറയട്ടേ, ബെന്‍സിയുടെ മെയിന്‍ സ്വിച്ച്, അഥവാ തന്തപ്പടിയെ ഒരു ലോക്കല്‍ ബിന്‍ ലാദന്‍ എന്ന രീതിയില്‍ ആണ് അവനും കീഴെയുള്ള കുരുപ്പുകളും കണ്ടിരുന്നത്. കാരണം മറ്റൊന്നുമല്ല, നല്ല പെട ചന്തിക്ക് ക്രമമായും, പ്രത്യേക കാരണം ഒന്നും ഇല്ലാതെയും മുറക്ക് കിട്ടിക്കൊണ്ടിരുന്നതിലായിരുന്നു.
അങ്ങനെ ബാറ്റിങ് നല്ല രീതിയില്‍ പുരോഗമിക്കുന്നു. ബെന്‍സി, സെഞ്ചുറിയിലേക്കു കുതിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റേഴ്സിനെ പോലെ തന്നെ, ഞങ്ങളും സ്വന്തം റെക്കോര്‍ഡുകള്‍ക്ക് വേണ്ടി ആയിരുന്നു കളിക്കുന്നത്.
അപ്പൊഴാണു ആ ഹാര്‍ട്ട്-ബ്രേക്കിംഗ് കാഴ്ച ബെന്‍സി കാണുന്നത്. അക്കരെ റോഡിലൂടെ അതാ സ്വന്തം പ്രൊഡ്യൂസര്‍ നടന്നു വരുന്നു. സെഞ്ചുറി കൈയെത്തും ദൂരത്ത്. എന്തു ചെയ്യും? ഏതാണ്ട് അഞ്ചു മിനിട്ട് എടുക്കും അദ്ദേഹം അടുത്തെത്താന്‍. ശത്രു സേനയെ മുന്നില്‍ കണ്ടാലും സ്വന്തം പാളയം വിട്ടിട്ടൊടാത്ത ധീര സൈനികനേ പോലെ ബെന്‍സി ക്രീസില്‍ തന്നെ നിന്നു. അവസാന നിമിഷം വരെ. ഒരു ഫോര്‍ അടിച്ചു സെഞ്ചുറി കമ്പ്ലീറ്റ് ചെയ്തതും പുറകില്‍ നിന്ന് അടി വീണതും ഒരുമിച്ചായിരുന്നു. അന്ന് അവന്‍ ബാറ്റും പൊക്കി ഓടിയത് സെഞ്ചുറി അടിച്ച ആഹ്ലാദത്തിനായിരുന്നൊ, അതോ അടിയുടെ വേദന ആയിരുന്നൊ? പിന്നീട് ഒരു ദിവസം അതു ചൊദിച്ചതിന് അവന്‍ ആ പാടം മുഴുവനും ഇട്ടോടിച്ചു.
പിറ്റേന്നു വീണ്ടും ഗ്രൗണ്ടില്‍ കണ്ടപ്പൊള്‍ ഞാന്‍ ചൊദിച്ചു;"തന്തയാര്‍ ഇന്നലെ ഒരു പാടു മെതിച്ചു, അല്ലെ?""നാലു തൊഴി കിട്ടിയാലെന്നാ, സെഞ്ചുറി അടിച്ചില്ലേ"
അവന്റെ മറുപടി കേട്ട് "കിറുക്കറ്റ്" എന്നൊ മറ്റൊ ഞാന്‍ പറഞ്ഞു എന്നാണ് അവന്‍ ഇപ്പൊഴും പറഞ്ഞു നടക്കുന്നത്

Comments

Popular posts from this blog

ഒരു ഭൂഖണ്ഡാന്തര രക്ഷാ ദൌത്യം

ജപ്പാനിലെ ഫുകുഷിമ തടാകത്തിന്റെ കരയിൽ, തടാകത്തിന്റെ ശാന്തതയും നീലപരപ്പും ആസ്വദിച്ചു നിൽകുകയായിരുന്നു ഞാൻ. ഹോവർബൈക്ക് ഓഫ് ചെയ്ത് തൊട്ടടുത്ത് നിർത്തിയിരുന്നു. കുറച്ചങ്ങ് വടക്ക് മാറി തല ഉയർത്തി നിൽകുന്ന ബന്ദയി അഗ്നിപർവതത്തിന്റെ വായിൽ നിന്നും ഇടയ്ക്കിടെ ചാരവും പുകയും ഉയർന്നു കൊണ്ടിരുന്നു. പർവതം നൂറ്റാണ്ടുകൾക്ക് മുന്പ് വലിച്ച ഭീമൻ ഇ-ചുരുട്ടിന്റെ പുകയാവും അതെന്ന് ഞാൻ തമാശ രൂപേണ ഓർത്തു.  ഒരു ചെറു പുഞ്ചിരി എന്റെ അധരങ്ങളിൽ തത്തി കളിക്കുന്നത് ഞാനറിഞ്ഞു. പക്ഷേ പുരാതന കാലത്ത് എങ്ങോ ഇവിടെ നടന്നു എന്നു പറയെപ്പടുന്ന ആണവ ദുരന്തം ഓർത്തപ്പോൾ എന്റെ ചിരി മെല്ലെ മാഞ്ഞു.  ഹോവർബൈക്ക് എന്നു വിളിക്കും എങ്കിലും എന്റെ വാഹനം വെറുമൊരു ബൈക്ക് മാത്രം അല്ല. രണ്ടു പേർക്ക് അടുത്തടുത്ത് ഇരിക്കുവാനും ഇരുന്ന ഉടൻ തന്നെ ഓട്ടോമാറ്റിക് പാസ്സഞ്ചർ പ്രൊട്ടക്ഷൻ (ശരീരത്തെ പൊതിയുന്ന ഗ്രാഫീൻ മെഷ്), ആട്ടോ-ഹെഡ് ലോക്ക് എന്നിവയൊക്കെ ഉള്ള, പറക്കുമ്പോൾ തന്നെ സാറ്റലൈറ്റ് (ഓൺ-ദി-ഗോ) ചാർജിങ് ഒക്കെ ഉള്ള പുതിയ മോഡൽ ആണ്. എന്നെ തഴുകി കടന്നു പോയ മാരുതനിൽ വെണ്ണീറിന്റെ ചുവയും  പുകയുടെ ചവർപ്പും തിരിച്ചറിഞ്ഞ നിമിഷം കുടയെടുക്കാൻ എന്നെ...

കെ എയർ

  കൊച്ചി യില് നിന്നും സെക്യൂരിറ്റി ചെക്ക് ഒക്കെ കഴിഞ്ഞു ഞാൻ വിമാന താവളത്തിലെ ലോഞ്ചിൽ ഇരിക്കുമ്പോൾ അതാ നമ്മുടെ പനങ്ങനാട്ടെ ലോനപ്പൻ ചേട്ടൻ ഒരു ബ്രീഫ്കേസും തള്ളികൊണ്ടു നടന്നു വരുന്നു. ചുള്ളനേ മനസിലായില്ലേ? മ്മടെ എറണാകുളം - തൃശ്ശൂർ റൂട്ടിൽ KSRTC ബസ് ഓടിച്ചിരുന്ന മ്മടെ സ്വന്തം ഗഡി, ലോനപ്പൻ. ആള് കുറച്ചൊന്നു മിനുങ്ങി സുന്ദര കില്ലാടൻ ആയിരിക്കുന്നു. കഞ്ഞി പശ മുക്കി വടി പോലെ തേച്ച് മിനുക്കിയ നീല യൂണിഫോം, കൂരാട്ട് കടവിലെ അരുവിയിലെ പാറപ്പുറത്ത് ഉരച്ച് വെളുപ്പിച്ച ഹവായ് ചപ്പൽ 'കിണുക്കോ കിണുക്കോ ' എന്ന് അടിപ്പിച്ചുകൊണ്ടുള്ള നടത്തം, ഇരു തോളുകളിലൂടെ മുന്നോട്ട് ഇട്ടിരിക്കുന്ന ഒരു ചുവന്ന ഈരിഴയൻ തോർത്ത്. മോഹൻ ലാലിന്റെ തോള് പോലെ ഒരു വശത്തേക്ക് ചെരിഞ്ഞ ഒരു കൂളിങ് ഗ്ലാസ്സ്. ആഹാ അന്തസ്സ്. കണ്ടതും ഞാൻ ഓടി അടുത്ത് ചെന്നു. "ഹൈ, എന്തൂട്ടാദ്, മ്മടെ ലോനപ്പേട്ടൻ അല്ലേ? എന്താ ഈ വഴിക്ക്?" ജീവനുള്ള കോഴിയെ ഇട്ടു കൊടുത്ത ഭക്തനെ വെജിറ്റേറിയൻ മുതല 'ബബിത' നോക്കിയതു പോലെ അദ്ദേഹം എന്നെ തുറിച്ചു നോക്കി. "നിയ്യ് ഏതട ക്ടാവേ?" "യ്യോ, ന്നെ മനസിലായില്ലേ? ഞാൻ ഊരകത്തീ പൊറിഞ്ചു ന്റെ മോൻ, ഡിഡോ...