ജപ്പാനിലെ ഫുകുഷിമ തടാകത്തിന്റെ കരയിൽ, തടാകത്തിന്റെ ശാന്തതയും നീലപരപ്പും ആസ്വദിച്ചു നിൽകുകയായിരുന്നു ഞാൻ. ഹോവർബൈക്ക് ഓഫ് ചെയ്ത് തൊട്ടടുത്ത് നിർത്തിയിരുന്നു. കുറച്ചങ്ങ് വടക്ക് മാറി തല ഉയർത്തി നിൽകുന്ന ബന്ദയി അഗ്നിപർവതത്തിന്റെ വായിൽ നിന്നും ഇടയ്ക്കിടെ ചാരവും പുകയും ഉയർന്നു കൊണ്ടിരുന്നു. പർവതം നൂറ്റാണ്ടുകൾക്ക് മുന്പ് വലിച്ച ഭീമൻ ഇ-ചുരുട്ടിന്റെ പുകയാവും അതെന്ന് ഞാൻ തമാശ രൂപേണ ഓർത്തു. ഒരു ചെറു പുഞ്ചിരി എന്റെ അധരങ്ങളിൽ തത്തി കളിക്കുന്നത് ഞാനറിഞ്ഞു. പക്ഷേ പുരാതന കാലത്ത് എങ്ങോ ഇവിടെ നടന്നു എന്നു പറയെപ്പടുന്ന ആണവ ദുരന്തം ഓർത്തപ്പോൾ എന്റെ ചിരി മെല്ലെ മാഞ്ഞു. ഹോവർബൈക്ക് എന്നു വിളിക്കും എങ്കിലും എന്റെ വാഹനം വെറുമൊരു ബൈക്ക് മാത്രം അല്ല. രണ്ടു പേർക്ക് അടുത്തടുത്ത് ഇരിക്കുവാനും ഇരുന്ന ഉടൻ തന്നെ ഓട്ടോമാറ്റിക് പാസ്സഞ്ചർ പ്രൊട്ടക്ഷൻ (ശരീരത്തെ പൊതിയുന്ന ഗ്രാഫീൻ മെഷ്), ആട്ടോ-ഹെഡ് ലോക്ക് എന്നിവയൊക്കെ ഉള്ള, പറക്കുമ്പോൾ തന്നെ സാറ്റലൈറ്റ് (ഓൺ-ദി-ഗോ) ചാർജിങ് ഒക്കെ ഉള്ള പുതിയ മോഡൽ ആണ്. എന്നെ തഴുകി കടന്നു പോയ മാരുതനിൽ വെണ്ണീറിന്റെ ചുവയും പുകയുടെ ചവർപ്പും തിരിച്ചറിഞ്ഞ നിമിഷം കുടയെടുക്കാൻ എന്നെ...